ദൂരത്തായൊരു വീട്... വിദ്യാലയം.
വിദ്യാഭ്യാസം എന്ന വാക്കിന്റെ പൊരുൾ അറിവ് നേടുക എന്നതോടൊപ്പം നല്ല മൂല്യങ്ങൾ നേടുക എന്നുകൂടിയാണ്. ഇന്നത്തെ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തിന്റെ നിഴലിൽ വളരുന്ന കച്ചവടത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് എന്ന് പറയാൻ കഴിയില്ല. കുട്ടികൾ മാതൃകകൾ കണ്ടാണ് പഠിക്കുന്നത്..വീടുകളിൽ നിന്ന് തന്നെ ആ ശീലം ഉണ്ടായില്ല എങ്കിൽ ഒരു വിദ്യാലയത്തിലും അവർ അവര്ക്കുനല്കുന്ന മാതൃകകളെ പിൻതുടരില്ല. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മാതൃകകൾ വളരെ പ്രാധാന്യമർഹിക്കുന്നു. മാതൃകകൾ തെരഞ്ഞെടുക്കാൻ അവനെ സഹായിക്കാം പക്ഷെ മാതൃകകൾ അടിച്ചേൽപ്പിക്കരുത്. ഉദാഹരണത്തിന്...ചെറു പ്രായത്തിൽ തന്നെ "വളരുമ്പോൾ എനിക്ക് ഡോക്ടർ ആകണം" എന്ന് പറയുന്ന കുട്ടി വളര്ച്ചയുടെ മറ്റൊരു ഘട്ടത്തിൽ മറ്റെന്തെകിലും ആകണം എന്ന് പറഞ്ഞാൽ നിരുല്സാഹപ്പെടുത്താൻ തിടുക്കം കൂട്ടരുത്.. അവന്റെ ലക്ഷ്യത്തിലെ മാറ്റം തെറ്റല്ല എങ്കിൽ ആഗ്രഹത്തെ പിൻ തുണയ്ക്കുക തന്നെ വേണം. ഒരു വിദ്യാർഥിയുടെ ആദ്യത്തെ ഗുരു അവന്റെ മാതാവാണ്..പലപ്പോഴും മാർഗദർശി പിതാവും...അവർ പറയുന്നതെന്തും അവൻ അനുസരിക്കും..വിശ്വാസമാണ് കാരണം...സ്നേഹം വിശ്വാസത്തിന്റെ അടിസ്ഥാനവും. മാതാപിതാക്കളിൽ നിന്നും വസ്തുതകൾ ഗ്രഹിക്കുന്നതിന് വളരെയധികം സാമർത്ഥ്യം പ്രകടിപ്പിക്കുന്ന ഒരു വിദ്യാർഥി വിദ്യാലയത്തിൽ വൈമുഖ്യം പ്രകടിപ്പിച്ചാൽ അതിനു എന്താണ് അർത്ഥം..? വിദ്യാലയത്തിന്റെ അന്തരീക്ഷമോ, അവനുപയോഗിക്കുന്ന പഠന ഉപാധികളോ, ദൂരമോ യാത്രാക്ഷീണമോ ഒന്നുമല്ല... അവിടെ അവന്റെ മനസ്സിനെ സ്വാധീനിക്കുന്ന വ്യക്തിയുടെ അഭാവം ആണ് കാരണം. മറ്റുള്ളതെല്ലാം പിന്നീടുമാത്രമേ പരിഗണിക്കനാകൂ. ഒരു ഉദാഹരണം പറയാം.. ഒന്നാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെ കണക്ക് എന്ന വിഷയത്തിന് ഒരിക്കൽ പോലും എണ്പതു ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയിരുന്ന കുട്ടി എട്ടു മുതൽ പത്താം സ്റ്റാൻഡേർഡ് വരെ കണക്കിന് കഷ്ടിച്ച് കടന്നുകൂടുന്ന സ്ഥിതിയുണ്ടായാൽ ആ കുട്ടിക്ക് എവിടെയാണ് തിരിച്ചടിയുണ്ടായത്...? രക്ഷകർത്താക്കൾ അധ്യാപകരോട് ചോദിച്ചാൽ കുട്ടിക്ക്
ഗണിതശാസ്ത്രത്തിൽ അടിത്തറ കുറവാണ് എന്നുപറഞ്ഞു കുറ്റം കുട്ടിയുടെ തലയിൽ ചാർത്തും. ഏഴാം സ്റ്റാൻഡേർഡ് വരെയുണ്ടായിരുന്ന അടിത്തറ ഇപ്പോൾ പെട്ടെന്ന് എവിടെപ്പോയി എന്ന് രക്ഷിതാക്കൾ അമ്പരക്കും. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കണമെങ്കിൽ ആ വിദ്യാർഥിയും , വിദ്യാർഥിയുടെ കണക്ക് എന്ന വിഷയത്തോടുള്ള സമീപനത്തെയും മനോഭാവത്തെയും നാം സൂക്ഷ്മമായി പഠിക്കണം. 99% കുട്ടികളിലും പഠനവിഷയത്തോടുള്ള താല്പര്യമില്ലായ്മയാണ് ഇതിനു പ്രധാന കാരണം. ഇതേ വിദ്യാർത്ഥിക്ക് മറ്റു പഠന വിഷയങ്ങളിൽ നല്ല സാമർത്ഥ്യം ഉണ്ടാവുകയും ചെയ്യും. ഈ വിരോധാഭാസത്തിനു കാരണം കണ്ടെത്താൻ മിടുക്കരായവരെയാണ് ഗുരു എന്ന് വിളിക്കേണ്ടത്. അല്ലാത്തവരെ പരിശീലകർ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. ഇതിനു പരിഹാരം രക്ഷകർത്താക്കളല്ല കണ്ടെത്തേണ്ടത്, മറിച്ച് അധ്യാപകർ തന്നെയാണ്. എന്നാൽ അവരെ അങ്ങനെയെന്തെങ്കിലും ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് അമിതഭാരവും (കൂടുതൽ വിദ്യാർഥികൾ ), നൂറുമേനി നേടാനുള്ള മത്സരങ്ങളുമാണ്.അവരെ അടച്ചു ആക്ഷേപിക്കാനും കഴിയില്ല.
പഠനവിഷയത്തോടുള്ള താല്പര്യമില്ലായ്മക്കും, അധ്യാപക വിദ്യാർഥി ബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണങ്ങൾ എന്താവാം..? എന്റെ നിരീക്ഷണങ്ങളും അനുമാനങ്ങളുമാണ് ചുവടെ ചേർക്കുന്നത്.
1: അധ്യാപകന്റെ, കുട്ടികളോടുള്ള നിഷേധാത്മകമായ സമീപനം വിദ്യാർഥിയുടെ മനസ്സിൽ ആ അദ്ധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തോട് തന്നെ വെറുപ്പ് ഉണ്ടാക്കാം. ആ അധ്യാപകനോടുള്ള വിദ്യാർഥിയുടെ മനസ്സിന്റെ പ്രതിഷേധമായി വേണമെങ്കിൽ അതിനെ കാണാം. ഇവിടെ കുറ്റം അധ്യാപകന്റെ ഭാഗത്താണ്.
2: വിശദീകരണങ്ങളുടെ വ്യക്തതയില്ലായ്മ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാം. ആശയങ്ങളെ ആർജ്ജിക്കാനുള്ള കഴിവ് എല്ലാ കുട്ടികൾക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. പയ്യെപോകുന്നവരെ കണ്ടെത്താനും തിരിച്ചറിയാനും യഥാർത്ഥ ഗുരുവിനു കഴിയണം. ഇവിടെയും ആധുനിക സാഹചര്യങ്ങളിലെ അധ്യാപകരെ നമ്മുക്ക് വെറുതെ വിടേണ്ടതായി വരും. കാരണം അവര്ക്ക് ഒരു ക്ലാസ്സിൽ മുപ്പതു കുട്ടികളെക്കാൾ കൂടുതൽ പേരെ എങ്ങനെ സസ്സൂഷ്മം നിരീക്ഷിക്കാനാകും..?
3: മൂല്യത്തോടൊപ്പം മാനസിക ഉല്ലാസവും - പഠനമൂല്യത്തോടൊപ്പം അൽപം വ്യക്തിമൂല്യങ്ങളും പകർന്നു നല്കണം. ഉദാഹരണമായി ക്ലാസ്സിൽ വാ തോരാതെ പഠിപ്പിക്കുന്ന അധ്യാപികയെ കുട്ടികൾക്ക് അപ്രിയമാണ്. എന്നാൽ പഠിപ്പിക്കുന്നതിനോടൊപ്പം തന്റെ അനുഭവ പാഠങ്ങളും അൽപം തമാശയും പറയുന്ന അധാപകന്റെ ക്ലാസ്സിൽ കുട്ടികൾക്ക് താല്പര്യം കൂടും.. ആ അധ്യപകനോട് ആദരവും ഏറെ ലഭിക്കും.
4: അധ്യപനത്തോടുള്ള സമീപനം - പഠിപ്പിക്കുകയല്ല , പഠിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ആര്ക്കും ആരെയും ഒന്നും പഠിപ്പിക്കാൻ കഴിയില്ല. എന്നാൽ പഠിക്കാൻ സഹായിക്കാൻ കഴിയും, ആത്മവിശ്വാസം നല്കാൻ സാധിക്കും. ഗുരു അറിവിലൂടെ ആത്മവിശ്വാസം ആര്ജ്ജിക്കാൻ പ്രേരിപ്പിക്കുന്നവൻ ആയിരിക്കണം. മാതാപിതാക്കളിൽ നിന്നും മക്കൾ പെട്ടെന്ന് കാര്യങ്ങൾ പഠിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
5: ഗുരു മാതാവിനും പിതാവിനും സമാനരായിരിക്കണം - ഗുരു മാതാവിനും പിതാവിനും തുല്യമായ വ്യക്തിപ്രഭാവമുള്ള സുഹൃത്തായിരിക്കണം. എന്റെ തന്നെ ഒരു ഉദാഹരണം പറയാം. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപിക ക്ലാസ്സിലെ കുട്ടികളെ " എന്റെ പോന്നു മക്കളേ" എന്നാണ് ദിവസവും അഭിസംബോധന ചെയ്തിരുന്നത്. എന്നും ചന്ദനക്കുറി തൊടുന്ന, വെളുത്ത കല്ലുവച്ച മൂക്കുത്തിയിട്ട, റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിൽ ബസ് ടിക്കറ്റ് തിരുകി സൂക്ഷിച്ചിരുന്ന ആ അധ്യാപികയെ മനസ്സുകൊണ്ട് ഒരായിരം തവണ "അമ്മേ" എന്ന് വിളിച്ചിട്ടുണ്ട് ഞാൻ. വീട്ടിൽ നിന്നകന്ന് മറ്റൊരുവീട്ടിൽ എത്തിപ്പെട്ടതുപോലെ..! ആ അധ്യാപിക തല്ലിയാൽ നോവില്ല പക്ഷെ വഴക്ക് പറഞ്ഞാൽ കുറെ ദിവസത്തേക്ക് ഉറക്കം വരില്ല.. ആ അധ്യാപിക പഠിപ്പിക്കുന്ന വിഷയത്തിൽ ഉയർന്ന മാർക്ക് വാങ്ങാൻ എനിക്ക് സാധിച്ചിരുന്നു. ഇത്തരം അനുഭവം ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവര്ക്കും ഉണ്ടായിക്കാണും..അതിനെയാണ് പാവനമായ ഗുരുശിഷ്യ ബന്ധം എന്ന് പറയുന്നത്.
5: ആരോഗ്യകരമായ മത്സരബുദ്ധി വളർത്താൻ ഗുരുവിനു സാധിക്കണം. ഒരു വിദ്യാർഥി അവന്റെ കഴിവുകളെ തിരിച്ചറിയുന്നത് അങ്ങനെയാകും. മത്സരബുദ്ധി വളർത്താൻ ആവശ്യമായ സൌഹൃദ അന്തരീക്ഷം ക്ലാസ്സിൽ സൃഷ്ടിക്കാൻ ഗുരുവിനു സാധിക്കണം.
6: അധ്യാപകന്റെ പരിഗണന - തന്റെ നേർക്കുള്ള അധ്യാപകന്റെ നോട്ടം, തന്നോടുള്ള വാക്കുകൾ, നല്കുന്ന ഉപദേശങ്ങൾ, ശകാരങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ, തന്നെയും അദ്ധ്യാപകൻ തന്റെ ശിഷ്യനായി പരിഗണിക്കുന്നു എന്ന ബോധം ശിഷ്യരിൽ വളരുന്നതിനോടൊപ്പം ഗുരുവിന്റെ പ്രതീക്ഷകൾക്കൊപ്പം സ്വയം ഉയർത്താൻ ഉള്ള ആത്മവിശ്വാസവും കൈവരുന്നു .
7: മിണ്ടാത്തവർ എല്ലാവരും മന്ദബുദ്ധികൾ അല്ലെന്നു തിരിച്ചറിയുക -ഒരു ക്ലാസ്സിൽ മന്ദബുദ്ധികൾ എന്ന് അധ്യാപകരാൽ മുദ്രകുത്തപ്പെടുന്നവരിൽ ഭൂരിഭാഗവും അന്തർമുഖന്മാരൊ പഠന വൈകല്യമുള്ളവരോ ആയിരിക്കും. അന്തർമുഖരായ വിദ്യാര്തികളെ പ്രത്യേകം നിരീക്ഷിച്ചു വേണ്ട പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും നൽകിയാൽ ശരാശരിയിലും മികച്ച നിലവാരം അവരും പഠനകാര്യങ്ങളിൽ പുലർത്തും. പഠനവൈകല്യമുള്ളവരെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ തന്നെ വിദ്യ അഭ്യസിപ്പിക്കണം. അല്ലാത്തപക്ഷം വിദ്യാർഥിയോടുള്ള സഹിഷ്ണുത പിരിമുറുക്കങ്ങളിൽ നഷ്ടപ്പെട്ട് കലിതുള്ളുന്ന അധ്യാപകന്റെ ചിത്രം മനസ്സിൽ പേറി കുട്ടികൾ വീടുകളിലേക്ക് മടങ്ങും. അതവരുടെ ചിന്തയേയും പ്രവർത്തിയേയും പ്രതികൂലമായി സ്വാധീനിക്കും.
8: ഒരു സുഹൃത്താകണം വല്ലപ്പോഴുമെങ്കിലും - അധ്യാപകന് ചിലപ്പോഴെങ്കിലും വിദ്യാർഥിയുടെ നല്ല സുഹൃത്താകാനും അതുവഴി വിദ്യാർഥിയുടെ തെറ്റ് സ്നേഹപൂർവ്വം തിരുത്താനും സാധിക്കണം. ധൈര്യത്തെ അഭിനന്ദിക്കുകയും തെറ്റുകളെ സ്നേഹപൂർവ്വം ചൂണ്ടിക്കാണിക്കുകയും വേണം. തെറ്റുകൾ തിരുത്താൻ ശാസിക്കുകയോ, നിർദ്ദേശിക്കുകയോ, ഉപദേശിക്കുകയോ ചെയ്യാം... പക്ഷെ ഇവയൊക്കെ ചെയ്യാൻ തിരഞ്ഞെടുക്കുന്ന നേരവും, സ്ഥലവും അതിനെല്ലാമുപരി അവലംബിക്കുന്ന രീതിയുമാണ് പ്രധാനം. ചില സ്നേഹപൂർണമായ ഉപദേശങ്ങൾ കല്ലിൽ കൊത്തിയതുപോലെ വിദ്യാർഥിയുടെ മനസ്സിൽ മായാതെ കിടക്കും...അവയിലേതെങ്കിലും ചിലത് വിദ്യാർഥി അവന്റെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ ഗുരുവിന്റെ അനുഗ്രഹം അവനുണ്ടായി എന്ന് കരുതാം.

No comments:
Post a Comment