Monday, April 2, 2012

അക്ഷരത്തെറ്റുകള്‍.....ഇഷ്ടാനിഷ്ടങ്ങള്‍

മലയാളിയുടെ മനസ്സ് നിര്‍വ്വചിക്കാന്‍ ഇമ്മിണി പ്രയാസം തന്നെ. നൂറു ശതമാനം സാക്ഷരരായ മലയാളികള്‍ മലയാളത്തെ വളച്ചൊടിച്ചു സംസാരിക്കുന്ന കൊലവെറി പ്രവണത പുതിയതല്ല.. സര്‍ക്കാരിന്റെ ടൂറിസം വാരഘോഷത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ ഉത്ഘാടക പ്രസംഗം ഒരുപക്ഷെ മലയാളി അവഗണിച്ചേക്കാം...എന്നാല്‍ വിദേശിയായ അതിഥിയുടെ മുറിഞ്ഞ മലയാളത്തിനു മലയാളികള്‍ കണ്ണും കാതും കൂര്‍പ്പിക്കും....കയ്യടിച്ചു പ്രാസന്ഗികന്റെ മനസ്സ് കുളിര്‍പ്പിക്കും...അതാണ്‌ മലയാളി.... മറ്റുള്ളവരുടെ അക്ഷരത്തെറ്റുകളെ രസച്ചരടാക്കി മാറ്റുന്നവന്‍....തെറ്റുചെയ്യുന്നവനെ തിരുത്താന്‍ മെനക്കെടാതെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നവന്‍.... എന്നിട്ട് അത് കണ്ടും കേട്ടും മനസ്സില്‍ ഊറി ഊറി ചിരിക്കുന്നവന്‍... കുഞ്ചന്‍ നമ്പ്യാരുടെ നാട്ടുകാരെ തെറ്റ് പറയാന്‍ കഴിയുമോ...? മാധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങള്‍.....ഉച്ഛാരണ വൈകല്യങ്ങള്‍... ഇവയൊന്നും പുതിയ വസ്തുതകളല്ല...... ചാനെലിലെ പെണ്‍കുട്ടികള്‍ മനപ്പൂര്‍വ്വം മലയാളത്തെ ഇംഗ്ലീഷ് കലര്‍ത്തി 'മംഗ്ലീഷ്' ആക്കുമ്പോള്‍...അവയെ നേരമ്പോക്കായി മാത്രം കണ്ടു ചിരിച്ചിരുന്ന മലയാളി ഇപ്പോള്‍ അതാണ്‌...അത് മാത്രമാണ് ശരി എന്ന് പറഞ്ഞു തുടങ്ങിയോ? ദ്രിശ്യ ശ്രവ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങള്‍ ഒക്കെ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്.

ഭാഷയെ വളച്ചൊടിക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ ന്യായീകരിക്കാന്‍ എല്ലാ മാധ്യമങ്ങളും (ദൂരദര്‍ശന്‍ ഒഴികെ) ശ്രമിക്കുന്നത് ലാജ്ജാകരം തന്നെ. "എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.... വേണമെങ്കില്‍ മതി" എന്ന് ഒരു മാധ്യമ പ്രവര്‍ത്തക പറയുന്നത് അംഗീകരിക്കാന്‍ ഭാഷയെ സ്നേഹിക്കുന്ന എത്ര പ്രേക്ഷകര്‍ക്ക്‌ കഴിയും....(ഓ വന്നിരിക്കുന്നു ഒരു ഭാഷാസ്നേഹി....!) നാളെ നമ്മുടെ സ്വന്തം കുട്ടികള്‍ ഇവരെപ്പോലെ "വികല-മലയാളവും വികല-വേഷവും" അനുകരിച്ചാല്‍ അവരെ തിരുത്താന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ വിദൂരമല്ല. മറ്റുള്ളവരുടെ മുന്‍പില്‍ മലയാളി മോഡേണ്‍ ആണ്...മലയാളം അറിയാത്തത് പോലെ സംസാരിക്കും....ഉപ്പുമാവിന് സാള്‍ട്ട് മംഗോ ട്രീ എന്ന് പറയും... പക്ഷെ സ്വന്തം വീട്ടിനുള്ളില്‍ മലയാളി തനി നാടനാകും... ചോറ് കൈ കൊണ്ട് കഴിക്കും.... പായസം നക്കി വടിക്കും.... പക്ഷെ മറ്റുള്ളവര്‍ക്ക് മുന്നില്‍ മോണകാട്ടി 'മലയാലം' പറയുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.... റിയാലിറ്റി ഷോകള്‍ കൊണ്ട് മലയാളിക്ക് കിട്ടിയ പുതിയ കീഴ്വഴക്കം ....

ഈയിടെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നമ്മുടെ ഒരു പഴയ അഭിനേത്രിയെ ജഡ്ജ് ആയി കണ്ടു.... കുറച്ചു വര്‍ഷങ്ങള്‍ അവര്‍ അമേരിക്കയില്‍ ആയിരുന്നത് കൊണ്ട് മലയാളം മറന്നു പോയി എന്ന് പറഞ്ഞു കേട്ടപ്പോള്‍ ശരിക്കും ലജ്ജ തോന്നിപ്പോയി....സ്വന്തം 'അമ്മയെ മറന്നുപോയി' എന്ന് കേട്ടത് പോലെ.....
അവതാരകരെ ഇഷ്ടപ്പെടാം.. അവരുടെ അവതരണ രീതികള്‍ ആസ്വദിക്കുകയും ആവാം... എന്നാല്‍ അവരുടെ അവതരണത്തിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍ പാടില്ലാ.... "എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.... താല്പര്യമുള്ളവര്‍ കണ്ടാല്‍ മതി" എന്ന് ഒരു ജനപ്രിയ ചാനലിന്റെ അവതാരക പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ സാധിക്കില്ല എന്നാണു മലയാള ഭാഷാസ്നേഹികള്‍ പറയുന്നതെങ്കില്‍.... "ഇത്രയും കാലം പിന്നെ എന്നെ സഹിച്ചത് എന്തിനു" എന്ന് ആ അവതാരകക്കും ചോദിക്കാന്‍ അവകാശമുണ്ട്‌.... തെറ്റ് പ്രേക്ഷകരുടെ ഭാഗത്താണ്.... മുളയിലേ നുള്ളേണ്ട ഒന്നായിരുന്നു ഇത് എന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിവുണ്ടായിരിക്കുന്നു...നിറയെ കായ്ച്ചു നില്‍ക്കുന്ന മാവാണെങ്കിലും പുരക്കു മേലേ ചായ്ഞ്ഞാല്‍ വെട്ടുക തന്നെ വേണം....


മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്നതാണ് ഇപ്പോള്‍ പ്രേക്ഷകരുടെ അവസ്ഥ....   ടീ ആര്‍ പി റേറ്റ് കൂട്ടാന്‍ വേണ്ടി എന്തിനെയും ന്യായീകരിക്കുന്ന ചാനലുകാരുടെ ധാര്ഷ്ട്യത്തെക്കാള്‍ വലുതാണ്‌ അവതാരകരുടെത്. മലയാളം സംസാരിക്കരിക്കുന്നത് എങ്ങനെ ആയിരിക്കരുത് എന്ന് ചോദിച്ചാല്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലെ അവതാരകയുടെത് പോലെ ആകരുത് എന്ന് നമ്മുടെ തലമുറയിലെ കുട്ടിപ്രേക്ഷകരെ പറഞ്ഞു ബോധ്യപ്പെടുത്തുക... അമ്മയെ ആംഗലേയവല്ക്കരിച്ചു മമ്മി(ജഡം) ആക്കിയത് പോലെ....

കുറിപ്പ് : മുകളില്‍ പറഞ്ഞ കാഴ്ചപ്പാടുകള്‍ എന്റേത് മാത്രമാണ്.... എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളൂ എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല...എന്റെ കാഴ്ചപ്പാടുകളോട് അസ്സഹിഷ്ണുതയുള്ളവര്‍ സദയം ക്ഷമിക്കുക.

Wednesday, March 7, 2012

മലയാളിയും ഫേസ്ബുക്ക്‌ ചിന്തകളും

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളിക്ക് ഒരു ഹരമായി മാറിയിട്ട് അധികകാലമായിട്ടില്ല. എന്നിരുന്നാലും ഇത്തരം സൈറ്റുകളില്‍ "വിരവുന്ന" മലയാളികളുടെ എണ്ണം താരതമ്യേന മറ്റുള്ള സംസ്ഥാനത്തെ ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. അല്‍പസമയം കിട്ടിയാല്‍ കവലയിലേക്കു ഇറങ്ങി നാലുപേര്‍ ഒത്തുകൂടി ചായകുടിച്ചു സൊറ പറയുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ പഴയ സുഹൃത്ത് വലയങ്ങളും തമാശകളും ഒന്നും ഇല്ല....അവയെല്ലാം ഇപ്പോള്‍ ഫെസ്ബുക്കിലേക്ക് കുടിയേറിയിരിക്കുന്നു. പുറത്തിറങ്ങാതെ ചങ്ങാത്തം കൂടാനും തമാശ പറയാനും ഇത്തരം സൈറ്റുകള്‍ അവസരം ഒരുക്കിയതിലൂടെ സ്നേഹസ്പര്‍ശമുള്ള തമാശകളും കളിയാക്കലുകളും പങ്കിടലുകളും സായാഹ്നത്തിലെ അല്പദൂര നടത്തവും വ്യായാമങ്ങളും ഒക്കെ മലയാളി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു. പക്ഷെ ഇത്തരം സൈറ്റുകള്‍ വഴി കെട്ടിപ്പടുക്കുന്ന സുഹൃത്ത് വലയത്തില്‍ കരടുകള്‍ കടന്നു കൂടുന്നത് സര്‍വ സാധാരണമായിരിക്കുന്നു. ചിലപ്പോള്‍ ഈ കരടുകള്‍ ചിലരുടെയെങ്കിലും ജീവിതത്തെപ്പോലും ബാധിക്കുന്നു. ഇന്നലെ വരെ നല്ല സുഹൃത്തുക്കളായി ജീവിച്ചവര്‍ പിന്നീടു പരസ്പരം മത്സരവും ഈര്‍ഷ്യയും വളര്‍ത്തുന്നു. പണ്ട് പലപ്പോഴും തന്നെ കളിയാക്കാന്‍ തന്റെ സുഹൃത്ത്‌ ഉപയോഗിച്ചിരുന്ന ഇരട്ടപ്പേര് മറ്റുള്ള സുഹൃത്തുക്കളുടെ മുന്നില്‍ പരസ്യമായി പരാമര്ശിക്കുന്നതില്‍ നിന്നും തുടങ്ങുന്നു വാശിയും പ്രതികാരദാഹവും. ഒരവസരത്തില്‍ ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ കാരണക്കാരനായ ഫേസ്ബുക്ക് എന്ന വലയം പ്രതിക്കൂട്ടിലാകും.

പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന അമളികള്‍ക്ക് കയ്യും കണക്കും ഇല്ല. ഒരു തമാശക്ക് വേണ്ടി സ്വന്തം സുഹൃത്തിനെ വ്യാജ ആക്കൌണ്ട് ഉണ്ടാക്കി പറ്റിക്കുന്ന സുഹൃത്തിന് അതുമൂലം ഒരാള്‍ക്ക്‌ ഉണ്ടാവുന്ന മാനസിക വ്യഥ സ്വയം അതുപോലെ ഒരു ചതിയില്‍ വീഴുന്നത് വരെ മനസ്സിലാവില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു അവസരത്തില്‍ ഈ ഇന്റര്‍നെറ്റ് കൂട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞു യുവാക്കള്‍ വീണ്ടും പഴയത് പോലെ ഒത്തുചേരും.... അവിടെ കൃതൃമമായി ഉണ്ടാക്കിയ മുഖജാടകള്‍ ഉണ്ടാവില്ല... എനിക്ക് ജയിക്കണം എന്ന ഈര്‍ഷ്യ ഉണ്ടാവില്ല.... ഒപ്പമുള്ള ഒരു സുഹൃത്ത്‌ അകലത്തു എവിടെയോ ഉള്ള ഒട്ടനവധി പേരെക്കാള്‍ എന്തുകൊണ്ടും ആശ്വാസമാകും. ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ എന്ന പഴമൊഴി ഓര്‍ത്തുപോകുന്നു. ഇന്റര്‍നെറ്റ്‌ കൂട്ടായ്മകള്‍ക്ക് അതിന്റേതായ നന്മകളും ഒപ്പം കൂടുതല്‍ തിന്മകളും ഉണ്ട്.

ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആള്‍ക്കാരെ എങ്ങനെ ഉറ്റ ചങ്ങാതിമാരായി കണക്കാക്കാന്‍ കഴിയും. അതില്‍ എത്രപേരെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയും. ആരോട് രഹസ്യങ്ങള്‍ പറയാം... പറഞ്ഞുകൂടാ.... ഉറക്കം എഴുന്നേല്‍ക്കുന്നത്‌ മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സുഹൃത്തുക്കള്‍ അറിയണം എന്ന രീതിയില്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് കൊടുത്തു ജീവിക്കുന്നവര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ എങ്ങനെ ആസ്വദിക്കാന്‍ സാധിക്കും. ഒരു നല്ല സിനിമ കണ്ടാല്‍ പണ്ടൊക്കെ വീട്ടില്‍ വന്നു വിശേഷങ്ങള്‍ പറയുന്ന ആളുകള്‍ ആ ത്രില്ലൊക്കെ ഇപ്പോള്‍ നിമിഷങ്ങള്‍ക്കകം സ്റ്റാറ്റസ് ഇട്ടു തീര്‍ത്തിട്ടു മാത്രമാണ് വീട്ടിലേക്കു പോകുന്നത്... ഒരു ചെറിയ സംഭാഷണത്തിലൂടെ ഒരു കുടുംബത്തിനു ലഭിക്കുമായിരുന്ന സന്തോഷവും ഫേസ്ബുക്ക് കവരുന്നു. പലപ്പോഴും ഫെസ്ബുക്കിലെ കണ്ടുമുട്ടലുകളും അല്പനേരത്തെ ചാറ്റിങ്ങും ആത്മമിത്രങ്ങളെ നേരിട്ട് നേരിട്ടുകാണാന്‍ ഉള്ള ആഗ്രഹങ്ങളെ ഇല്ലാതെയാക്കുന്നു. ഈ പ്രവണത നല്ല സുഹൃത്ബന്ധങ്ങളെ പോലും ബാധിക്കുന്നു. പരസ്പരം മറക്കുപിന്നില്‍ നിന്നുകൊണ്ട് വളര്‍ത്തുന്ന സുഹൃത്ബന്ധം ആത്മാര്‍ഥത ഇല്ലാത്തതായി മാറുന്നു. ഒരു മൗസ് ക്ലിക്കില്‍ അവസാനിക്കാവുന്ന ആത്മാര്‍ഥത.