Sunday, July 3, 2011

ശ്രീ പദ്മനാഭാ.. പൊറുക്കണേ...!

എന്റെ ശ്രീ പദ്മനാഭാ... നിന്നെ ഇവര്‍ വെറും കാവല്‍ക്കാരനാക്കി...
കേരള സംസ്ഥാനത്തിന്റെ ഐശ്വര്യമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വര്‍ണിക്കുന്ന പദ്മനാഭ മാഹാത്മ്യം ഇനി പുരാവസ്തു ഗവേഷകരുടെ ഗോദാമിലോ സര്‍ക്കാരിന്റെ ഖജനാവ് കണക്കു പുസ്തകത്തിലോ സ്ഥാനം പിടിക്കും. കലികാലം, അല്ലാതെ എന്ത് പറയാന്‍. സമ്പത്തിനുമുപരി തിരുവതാംകൂറിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന പദ്മനാഭസ്വാമി ക്ഷേത്രം ഇനി അളവറ്റ അസൂയയുടെയും ധനമോഹത്തിന്റെയും കേന്ദ്രമാകും. പദ്മനാഭസ്വാമി തന്റെ പ്രജകള്‍ക്കുവേണ്ടി കാത്തു രക്ഷിച്ച സമ്പത്തും ഐശ്വര്യവും, ഇനിമുതല്‍ തോക്കുപിടിച്ച പോലീസുകാര്‍ സംരക്ഷിക്കും. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കാന്‍ പോകുന്നു എന്ന് ചുരുക്കം. നൂറ്റാണ്ടുകളോളം ഇവയെല്ലാം കാത്തുസൂക്ഷിച്ച ശ്രീപദ്മനാഭന് അതിനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് കേരളാ പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇനി അവരുടെ ഊഴം.
ചര്‍ച്ചകള്‍ ചൂട് പിടിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യനിര്മാര്‍ജനത്തിനു വിനിയോഗിക്കണമെന്ന് ചിലര്‍. മുസിയമാക്കണമെന്നു ചിലര്‍. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മറ്റു ചിലര്‍.
പദ്മനാഭ ദാസന്മാരായി എല്ലാം സമര്‍പ്പിച്ചു ഉദാത്തമായ ഭരണം കാഴ്ചവച്ച തിരുവതാംകൂര്‍ രാജവംശത്തിനു സഹസ്രകോടി പ്രണാമങ്ങള്‍. മറ്റു രാജാക്കന്മാരെപ്പോലെ അവര്‍ ആരും സുഖലോലുപരോ, ദൂര്‍ത്തരോ ആയിരുന്നില്ല. ലളിത ജീവിതം നയിച്ചവരായിരുന്നു അവര്‍. അവര്‍ ശ്രീ പദ്മനാഭ സന്നിധിയില്‍ സമര്‍പ്പിച്ച കാണിക്ക ഏതുവിധത്തിലാണ് സര്‍ക്കാരിന്റെ സ്വത്താകുന്നത്? അങ്ങനെയാകുമെങ്കില്‍ നമ്മുടെ നാട്ടിലെ അമ്പലവും പള്ളിയുമെല്ലാം വരുമാനം സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും.
നൂറ്റാണ്ടുകളായി തിരുവതാംകൂറിന്റെ സമ്പത്തും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നു ശ്രീ പദ്മനാഭ സ്വാമി. സ്വന്തം ദേശക്കാരുടെയും വിദേശീയരുടെയും ആക്രമണങ്ങള്‍ പോലും വിധിയുടെ കരങ്ങളാല്‍ തട്ടിമാറ്റിയ സ്വാമിക്ക്, സ്വന്തം പ്രജകള്‍ നല്‍കിയ നോക്കുകൂലിയാണോ അധിഷേപം. ശ്രീ പദ്മനാഭന്റെ ഐശ്വര്യ സമ്പത്തുകള്‍ അളക്കാന്‍ തക്കവണ്ണം പ്രജകള്‍ വാമന രൂപം പൂണ്ടിരിക്കുന്നുവോ? കടുംകൈ ചെയ്ത പ്രജകള്‍ക്കു തുടര്‍ന്നും ആയുള്ളവന്‍ ക്ഷേമൈശ്വര്യങ്ങള്‍ നല്‍കുമെന്ന് എന്താണ് ഉറപ്പ്. ഒരു ശരിയായ ഭക്തന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമായിരിക്കും. ആപത്ബാന്ധവാ.. കൈവിടല്ലേ...! അവിവേകം പൊറുക്കേണമേ....!

No comments:

Post a Comment