Tuesday, July 12, 2011

കാട്ടറബി.... കറുത്ത അറബി....


നാട്ടില്‍ ഗള്‍ഫില്‍ നിന്നും തിരികെ വന്നു പത്രാസു കാട്ടുന്നവരെ ജനങ്ങള്‍ കളിയാക്കി വിളിക്കുന്ന പേരാണ് "കാട്ടറബി" അല്ലെങ്കില്‍ കറുത്ത അറബി എന്നൊക്കെ. എന്നാല്‍ സത്യത്തില്‍ ഖത്തര്‍ എന്ന സമ്പന്ന രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ നല്ല കറുത്ത അറബികള്‍ തന്നെയാണ്. ഈ പച്ചപ്പരമാര്‍ത്ഥം ഇവിടത്തുകാരില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചു. പലയിടങ്ങളിലായി അറബി വേഷം ധരിച്ച കറുത്ത വര്‍ഗക്കാരെ കണ്ടു. അവരെ അവജ്ഞയോടെ നോക്കിയ എന്നോട് ഇവിടത്തുകാര്‍ പറഞ്ഞതാണ് ഈ കഥ. ഖത്തര്‍ എന്ന ഈ പുതിയ രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഈ ഇരു നിറമുള്ള, അറബി ഭാഷ സംസാരിക്കുന്നവരാണ്‌. ഇവിടത്തെ കാലാവസ്ഥ പരിഗണിച്ചാല്‍ കറുപ്പാവാതെ വഴിയില്ല- അത്രയ്ക്ക് ചൂടാണ് ഈ പ്രദേശം. അപ്പോള്‍ പിന്നെ ഈ വെളുത്ത അറബികള്‍ എങ്ങനെ ഉണ്ടായി എന്നതായിരുന്നു എന്റെ സംശയം. എന്റെ കുരുത്തം കേട്ട ആ ചോദ്യത്തിന് അവര്‍ തന്ന മറുപടി മറ്റൊരു ചോദ്യമായിരുന്നു- നിങ്ങളുടെ നാട്ടില്‍ നല്ല വെളുത്തവര്‍ ഉണ്ടല്ലോ? അവര്‍ എങ്ങനെ ഉണ്ടായി? ഇവിടത്തുകാരുടെ കാര്യവും അത് തന്നെയാണ്. കാലാകാലങ്ങളായി ഇവിടെ ജീവിച്ചു വന്നിരുന്ന ജനവിഭാഗം, തങ്ങളുടെ പുതിയ തലമുറ കറുപ്പ് എന്ന "ശപിക്കപ്പെട്ട" നിറത്തില്‍ ആകരുത് എന്ന ദീര്‍ഘ ദര്‍ശനത്തോടെ വെളുത്ത നിറമുള്ള രാജ്യക്കാരെ ജീവിത പങ്കാളികളാക്കി. സിറിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരില്‍ ഇവിടെയുള്ള ഖാത്തറികള്‍ വെളുത്ത നിറമുള്ള തലമുറയെ പുനര്‍നിര്‍മിച്ചു, നിര്‍മിച്ചു കൊണ്ടേയിരിക്കുന്നു. ലോകത്തിലെ തന്നെ സമ്പന്ന രാജ്യങ്ങളുടെ നിരയിലുള്ള ഈ രാജ്യം, പൌരന്മാരുടെ എണ്ണത്തില്‍ ദരിദ്രമാണ്. ഖത്തര്‍ പൌരന്മാര്‍ വളരെ കുറവും അന്യ ദേശക്കാര്‍ കൂടുതലുമാണ് ഇവിടെ. ഇവിടെ വികസനം നടക്കണമെങ്കില്‍ മറ്റു രാജ്യക്കാരില്ലെങ്കില്‍ നടക്കില്ല. ഖത്തര്‍ പൌരന്മാര്‍ ഉദ്യോഗത്തില്‍ കുറഞ്ഞ ജോലി ഒന്നും ചെയ്യില്ല- അവിടെ മറ്റു രാജ്യക്കാര്‍ കൂടിയേ തീരൂ. തേച്ചു മിനുക്കിയ തൂവെള്ള വസ്ത്രത്തില്‍ ലാന്ഡ്ക്രൂസര്‍ എന്ന വലിയ വാഹനത്തില്‍ വന്നു പത്രാസുകാട്ടുന്ന മുതലാളിമാരാണ് ഇവിടത്തെ പുതിയ തലമുറ ഖത്തര്‍ നിവാസികള്‍. കുബ്ബൂസും തൈരും കഴിച്ചിരുന്നവര്‍ ഇപ്പോള്‍ മൂന്നു നേരം ചീസ് ബര്‍ഗര്‍ കഴിച്ചു സുഖിമാന്മാരും തടിയന്മാരുമായി തീര്‍ന്നിരിക്കുന്നു. അമേരിക്കന്‍ സംസ്കാരം വന്നതിനു ശേഷമാണ് ഇവിടത്തുകാരില്‍ അമിതവണ്ണം ഉണ്ടായി തുടങ്ങിയത് എന്ന് ഇവിടത്തെ ആള്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കച്ചവടത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍ തന്നെ- കാരണം ക്ഷമാശീലം തന്നെ- പിന്നെ ആദിത്യ മര്യാദയും. മെലിഞ്ഞു കറുത്ത, ദുര്‍ബലരായിരുന്ന, കറുത്ത നിറമുള്ള പഴയ അറബികളെ ഇപ്പോള്‍ കാണുമ്പോള്‍ പുതിയ തലമുറ മനസ്സില്‍ ചോദിക്കുന്ന ചോദ്യമെന്തായിരിക്കും- "ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? വെറുതെ മനുഷ്യന്റെ വില കളയാന്‍". കറുപ്പിനെ ശപിക്കപ്പെട്ടതായി കരുതുന്നു ഇക്കൂട്ടര്‍.

Sunday, July 3, 2011

ശ്രീ പദ്മനാഭാ.. പൊറുക്കണേ...!

എന്റെ ശ്രീ പദ്മനാഭാ... നിന്നെ ഇവര്‍ വെറും കാവല്‍ക്കാരനാക്കി...
കേരള സംസ്ഥാനത്തിന്റെ ഐശ്വര്യമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വര്‍ണിക്കുന്ന പദ്മനാഭ മാഹാത്മ്യം ഇനി പുരാവസ്തു ഗവേഷകരുടെ ഗോദാമിലോ സര്‍ക്കാരിന്റെ ഖജനാവ് കണക്കു പുസ്തകത്തിലോ സ്ഥാനം പിടിക്കും. കലികാലം, അല്ലാതെ എന്ത് പറയാന്‍. സമ്പത്തിനുമുപരി തിരുവതാംകൂറിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന പദ്മനാഭസ്വാമി ക്ഷേത്രം ഇനി അളവറ്റ അസൂയയുടെയും ധനമോഹത്തിന്റെയും കേന്ദ്രമാകും. പദ്മനാഭസ്വാമി തന്റെ പ്രജകള്‍ക്കുവേണ്ടി കാത്തു രക്ഷിച്ച സമ്പത്തും ഐശ്വര്യവും, ഇനിമുതല്‍ തോക്കുപിടിച്ച പോലീസുകാര്‍ സംരക്ഷിക്കും. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കാന്‍ പോകുന്നു എന്ന് ചുരുക്കം. നൂറ്റാണ്ടുകളോളം ഇവയെല്ലാം കാത്തുസൂക്ഷിച്ച ശ്രീപദ്മനാഭന് അതിനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് കേരളാ പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇനി അവരുടെ ഊഴം.
ചര്‍ച്ചകള്‍ ചൂട് പിടിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യനിര്മാര്‍ജനത്തിനു വിനിയോഗിക്കണമെന്ന് ചിലര്‍. മുസിയമാക്കണമെന്നു ചിലര്‍. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മറ്റു ചിലര്‍.
പദ്മനാഭ ദാസന്മാരായി എല്ലാം സമര്‍പ്പിച്ചു ഉദാത്തമായ ഭരണം കാഴ്ചവച്ച തിരുവതാംകൂര്‍ രാജവംശത്തിനു സഹസ്രകോടി പ്രണാമങ്ങള്‍. മറ്റു രാജാക്കന്മാരെപ്പോലെ അവര്‍ ആരും സുഖലോലുപരോ, ദൂര്‍ത്തരോ ആയിരുന്നില്ല. ലളിത ജീവിതം നയിച്ചവരായിരുന്നു അവര്‍. അവര്‍ ശ്രീ പദ്മനാഭ സന്നിധിയില്‍ സമര്‍പ്പിച്ച കാണിക്ക ഏതുവിധത്തിലാണ് സര്‍ക്കാരിന്റെ സ്വത്താകുന്നത്? അങ്ങനെയാകുമെങ്കില്‍ നമ്മുടെ നാട്ടിലെ അമ്പലവും പള്ളിയുമെല്ലാം വരുമാനം സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും.
നൂറ്റാണ്ടുകളായി തിരുവതാംകൂറിന്റെ സമ്പത്തും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നു ശ്രീ പദ്മനാഭ സ്വാമി. സ്വന്തം ദേശക്കാരുടെയും വിദേശീയരുടെയും ആക്രമണങ്ങള്‍ പോലും വിധിയുടെ കരങ്ങളാല്‍ തട്ടിമാറ്റിയ സ്വാമിക്ക്, സ്വന്തം പ്രജകള്‍ നല്‍കിയ നോക്കുകൂലിയാണോ അധിഷേപം. ശ്രീ പദ്മനാഭന്റെ ഐശ്വര്യ സമ്പത്തുകള്‍ അളക്കാന്‍ തക്കവണ്ണം പ്രജകള്‍ വാമന രൂപം പൂണ്ടിരിക്കുന്നുവോ? കടുംകൈ ചെയ്ത പ്രജകള്‍ക്കു തുടര്‍ന്നും ആയുള്ളവന്‍ ക്ഷേമൈശ്വര്യങ്ങള്‍ നല്‍കുമെന്ന് എന്താണ് ഉറപ്പ്. ഒരു ശരിയായ ഭക്തന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമായിരിക്കും. ആപത്ബാന്ധവാ.. കൈവിടല്ലേ...! അവിവേകം പൊറുക്കേണമേ....!