Wednesday, March 7, 2012

മലയാളിയും ഫേസ്ബുക്ക്‌ ചിന്തകളും

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളിക്ക് ഒരു ഹരമായി മാറിയിട്ട് അധികകാലമായിട്ടില്ല. എന്നിരുന്നാലും ഇത്തരം സൈറ്റുകളില്‍ "വിരവുന്ന" മലയാളികളുടെ എണ്ണം താരതമ്യേന മറ്റുള്ള സംസ്ഥാനത്തെ ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. അല്‍പസമയം കിട്ടിയാല്‍ കവലയിലേക്കു ഇറങ്ങി നാലുപേര്‍ ഒത്തുകൂടി ചായകുടിച്ചു സൊറ പറയുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ പഴയ സുഹൃത്ത് വലയങ്ങളും തമാശകളും ഒന്നും ഇല്ല....അവയെല്ലാം ഇപ്പോള്‍ ഫെസ്ബുക്കിലേക്ക് കുടിയേറിയിരിക്കുന്നു. പുറത്തിറങ്ങാതെ ചങ്ങാത്തം കൂടാനും തമാശ പറയാനും ഇത്തരം സൈറ്റുകള്‍ അവസരം ഒരുക്കിയതിലൂടെ സ്നേഹസ്പര്‍ശമുള്ള തമാശകളും കളിയാക്കലുകളും പങ്കിടലുകളും സായാഹ്നത്തിലെ അല്പദൂര നടത്തവും വ്യായാമങ്ങളും ഒക്കെ മലയാളി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു. പക്ഷെ ഇത്തരം സൈറ്റുകള്‍ വഴി കെട്ടിപ്പടുക്കുന്ന സുഹൃത്ത് വലയത്തില്‍ കരടുകള്‍ കടന്നു കൂടുന്നത് സര്‍വ സാധാരണമായിരിക്കുന്നു. ചിലപ്പോള്‍ ഈ കരടുകള്‍ ചിലരുടെയെങ്കിലും ജീവിതത്തെപ്പോലും ബാധിക്കുന്നു. ഇന്നലെ വരെ നല്ല സുഹൃത്തുക്കളായി ജീവിച്ചവര്‍ പിന്നീടു പരസ്പരം മത്സരവും ഈര്‍ഷ്യയും വളര്‍ത്തുന്നു. പണ്ട് പലപ്പോഴും തന്നെ കളിയാക്കാന്‍ തന്റെ സുഹൃത്ത്‌ ഉപയോഗിച്ചിരുന്ന ഇരട്ടപ്പേര് മറ്റുള്ള സുഹൃത്തുക്കളുടെ മുന്നില്‍ പരസ്യമായി പരാമര്ശിക്കുന്നതില്‍ നിന്നും തുടങ്ങുന്നു വാശിയും പ്രതികാരദാഹവും. ഒരവസരത്തില്‍ ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ കാരണക്കാരനായ ഫേസ്ബുക്ക് എന്ന വലയം പ്രതിക്കൂട്ടിലാകും.

പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന അമളികള്‍ക്ക് കയ്യും കണക്കും ഇല്ല. ഒരു തമാശക്ക് വേണ്ടി സ്വന്തം സുഹൃത്തിനെ വ്യാജ ആക്കൌണ്ട് ഉണ്ടാക്കി പറ്റിക്കുന്ന സുഹൃത്തിന് അതുമൂലം ഒരാള്‍ക്ക്‌ ഉണ്ടാവുന്ന മാനസിക വ്യഥ സ്വയം അതുപോലെ ഒരു ചതിയില്‍ വീഴുന്നത് വരെ മനസ്സിലാവില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു അവസരത്തില്‍ ഈ ഇന്റര്‍നെറ്റ് കൂട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞു യുവാക്കള്‍ വീണ്ടും പഴയത് പോലെ ഒത്തുചേരും.... അവിടെ കൃതൃമമായി ഉണ്ടാക്കിയ മുഖജാടകള്‍ ഉണ്ടാവില്ല... എനിക്ക് ജയിക്കണം എന്ന ഈര്‍ഷ്യ ഉണ്ടാവില്ല.... ഒപ്പമുള്ള ഒരു സുഹൃത്ത്‌ അകലത്തു എവിടെയോ ഉള്ള ഒട്ടനവധി പേരെക്കാള്‍ എന്തുകൊണ്ടും ആശ്വാസമാകും. ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ എന്ന പഴമൊഴി ഓര്‍ത്തുപോകുന്നു. ഇന്റര്‍നെറ്റ്‌ കൂട്ടായ്മകള്‍ക്ക് അതിന്റേതായ നന്മകളും ഒപ്പം കൂടുതല്‍ തിന്മകളും ഉണ്ട്.

ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആള്‍ക്കാരെ എങ്ങനെ ഉറ്റ ചങ്ങാതിമാരായി കണക്കാക്കാന്‍ കഴിയും. അതില്‍ എത്രപേരെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയും. ആരോട് രഹസ്യങ്ങള്‍ പറയാം... പറഞ്ഞുകൂടാ.... ഉറക്കം എഴുന്നേല്‍ക്കുന്നത്‌ മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സുഹൃത്തുക്കള്‍ അറിയണം എന്ന രീതിയില്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് കൊടുത്തു ജീവിക്കുന്നവര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ എങ്ങനെ ആസ്വദിക്കാന്‍ സാധിക്കും. ഒരു നല്ല സിനിമ കണ്ടാല്‍ പണ്ടൊക്കെ വീട്ടില്‍ വന്നു വിശേഷങ്ങള്‍ പറയുന്ന ആളുകള്‍ ആ ത്രില്ലൊക്കെ ഇപ്പോള്‍ നിമിഷങ്ങള്‍ക്കകം സ്റ്റാറ്റസ് ഇട്ടു തീര്‍ത്തിട്ടു മാത്രമാണ് വീട്ടിലേക്കു പോകുന്നത്... ഒരു ചെറിയ സംഭാഷണത്തിലൂടെ ഒരു കുടുംബത്തിനു ലഭിക്കുമായിരുന്ന സന്തോഷവും ഫേസ്ബുക്ക് കവരുന്നു. പലപ്പോഴും ഫെസ്ബുക്കിലെ കണ്ടുമുട്ടലുകളും അല്പനേരത്തെ ചാറ്റിങ്ങും ആത്മമിത്രങ്ങളെ നേരിട്ട് നേരിട്ടുകാണാന്‍ ഉള്ള ആഗ്രഹങ്ങളെ ഇല്ലാതെയാക്കുന്നു. ഈ പ്രവണത നല്ല സുഹൃത്ബന്ധങ്ങളെ പോലും ബാധിക്കുന്നു. പരസ്പരം മറക്കുപിന്നില്‍ നിന്നുകൊണ്ട് വളര്‍ത്തുന്ന സുഹൃത്ബന്ധം ആത്മാര്‍ഥത ഇല്ലാത്തതായി മാറുന്നു. ഒരു മൗസ് ക്ലിക്കില്‍ അവസാനിക്കാവുന്ന ആത്മാര്‍ഥത.

No comments:

Post a Comment