Thursday, June 9, 2011

പീഡനം - അര്‍ത്ഥഭേദങ്ങള്‍

മലയാളികളുടെ ദൈനംദിന ജീവിതചര്യയിലെ മാറ്റിനിര്‍ത്താനാകാത്ത വാക്കായി "പീഡനം ' മാറിയിരിക്കുന്നു. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടില്‍ ഭര്‍ത്താവിന്റെ നിസ്സഹകരണം (മക്കളെ സ്കൂളില്‍ അയക്കാന്‍) ഉണ്ടായാല്‍ - ഗാര്‍ഹിക പീഡനം. പോകുന്ന വഴിയില്‍ മീശ വരാത്ത പിള്ളേര്‍ പിശക് നോട്ടം നോക്കിയാല്‍ - പൊതു സ്ഥലത്തെ പീഡനം. ബസില്‍ - നോട്ടം, ചൊറിച്ചില്‍, മാന്തല്‍, കണ്ടക്ടറുടെ മൂളല്‍... എല്ലാം പീഡനം. ഇനി ഓഫീസില്‍ എത്തിയാലോ, സഹപ്രവര്‍ത്തകരുടെ മുനവച്ചുള്ള ചോദ്യങ്ങള്‍, നോട്ടങ്ങള്‍- ഏതാണ്ട് ശാരീരിക പരിശോധന പോലെ- അത് ഉദ്യോഗസ്ഥ പീഡനം. ഇതാ വരുന്നു ഇതിനെല്ലാം പുറമേ മിസ്സിട് കാള്‍ - മൊബൈല്‍ പീഡനം. മരിച്ചു പരലോകത്ത് ചെന്നാല്‍ അവിടെ എന്താണോ സ്ഥിതി - നരകത്തില്‍ പീഡനങ്ങളുടെ മുന്‍പുണ്ടായിരുന്ന ലിസ്റ്റില്‍ നമ്മുടെ "പീഡനങ്ങള്‍" സ്ഥാനം പിടിച്ചു കാണുമോ? അഥവാ സ്വര്‍ഗത്തില്‍ ചാന്‍സ് കിട്ടിയാല്‍- അവിടെ റിയാലിറ്റി ഷോ പീഡനം ഉണ്ടാവുമോ? "പീഡനം" നമ്മുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഇതാ പുതിയ ട്രെന്‍ഡ് ആരംഭിച്ചിരിക്കുന്നു. കാമുകനോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച യുവതി, കാമുകനോടൊപ്പം ഒരാഴ്ച ഹോട്ടല്‍ മുറിയില്‍ തങ്ങുന്നു. അതിനു ശേഷം മനസ്സ് മാറി പോലീസില്‍ പരാതിപ്പെടുന്നു-"എന്നെ അയാള്‍ പീഡിപ്പിച്ചു "എല്ലാം കീഴ്മേല്‍ തിരിയുന്നോ? നാല് വയസ്സുകാരിയെ എട്ടാം ക്ലാസ്സുകാരന്‍ "പീഡിപ്പിച്ചു". എട്ടാം ക്ലാസ്സുകാരന് പീഡനം എന്തെന്ന് അറിയില്ലായിരിക്കാം, പക്ഷെ നമ്മള്‍ക്ക് അറിയാമല്ലോ. ലൈംഗിക കുറ്റകൃത്യങ്ങള്‍ മാത്രമല്ല പീഡനം. ഭാര്യക്കും പരാതിപ്പെടാം- ഭര്‍ത്താവ് ലൈംഗിക വൈകൃതം കാട്ടിയാല്‍. സ്ത്രീധനത്തിന് വേണ്ടി വീട്ടിലെക്കയച്ചാല്‍ - സ്ത്രീധന പീഡനം. സ്ത്രീകള്‍ക്കിനി പുരുഷന്മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ വേറെ എന്ത് വേണം. എല്ലാത്തരം പീടനത്തിനും കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ? എട്ടാം ക്ലാസ്സുകാരന്റെ മനസ്സ് ക്രൂരമാക്കിയത് നമ്മളല്ലേ? അതെ എന്ന് തന്നെയാണ് ഉത്തരം.
മനസ്സ്- കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ അവരുടെ ചുറ്റുമുള്ള എന്തിനും സാധിക്കും. അമ്മയോടൊപ്പം സന്ധ്യക്ക്‌ ടി വീ യുടെ മുന്നില്‍- സീരിയല്‍... സിനിമയെ വെല്ലുന്ന കുറ്റകൃത്യങ്ങളും, തെറ്റായ ബന്ധങ്ങളും.... അവരുടെ മനസ്സ് തെറ്റായി ചിന്തിക്കാന്‍ വേറെ എന്ത് വേണം. വീട്ടില്‍ കിട്ടാതെ സ്നേഹം വെളിയില്‍ കിട്ടും എന്ന് അവരെ കാണിച്ചു ബോധ്യപ്പെടുത്തുന്നു സീരിയലുകള്‍. വയലെന്സും ചതിയും ഒന്നും വലിയ പാതകങ്ങളല്ല എന്ന് അവരെ പഠിപ്പിക്കുന്നു - നമ്മുടെ മാധ്യമങ്ങള്‍- സീരിയല്‍, സിനിമ, പുസ്തകങ്ങള്‍, പത്രങ്ങള്‍... എന്തിനു നമ്മള്‍ തെന്നെയും കുറ്റക്കാരല്ലേ? നല്ല സിനിമ കാണാന്‍ പോകുന്ന മാതാപിതാക്കള്‍ കുട്ടികളെയും കൂടെ കൂട്ടുന്നു- അവര്‍ക്ക് ചേര്‍ന്നതാണോ സിനിമ എന്ന് ചിന്തിക്കാതെ. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്ന് കരുതി നാല് വയസ്സ് തികയാത്ത കുട്ടിയെ സിനിമാനടിയുടെ/ നടന്റെ അംഗ ചലനങ്ങള്‍ പോലും പഠിപ്പിച്ചു സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് തികച്ചും നിരുല്സാഹപ്പെടുതെണ്ട പ്രവണതയാണ്. തെറ്റിദ്ധരിക്കപ്പെട്ട മനസ്സും, ഫാസ്റ്റ് ഫുഡ്‌ സംസ്കാരം താളം തെറ്റിച്ച ശരീരങ്ങളുമായി , വിവേകാനന്ദന്റെ ഭ്രാന്താലയമാവുകയാണോ മലയാളനാട്.
എവിടെ പിഴവ് - അണുകുടുംബം
കുട്ടികള്‍ അവരുടെ അതാതു പ്രായങ്ങളില്‍ കാണേണ്ടതും കേള്‍ക്കേണ്ടതും എന്താണെന്ന് ഇന്ന് മാതാപിതാക്കള്‍ ചിന്തിക്കുന്നില്ല. അവര്‍ എങ്ങനെയോ വളരുന്നു. പക്ഷെ മുന്‍കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. കുട്ടികളെ ശ്രദ്ധിക്കാന്‍ കാരണവര്‍ ഉണ്ടായിരുന്നു- അപ്പൂപ്പന്‍, അമ്മൂമ എന്നിങ്ങനെ പലരും . ഇന്ന് അവരെല്ലാം വൃദ്ധസദനങ്ങളില്‍ അടക്കപ്പെട്ടിരിക്കുന്നു. മുന്‍കാലങ്ങളിലെ കുട്ടികളുടെ ബാല്യകാലം, ഐതീഹ്യ കഥകളും പുരാണങ്ങളും നിറഞ്ഞതായിരുന്നു എങ്കില്‍ ഇന്നത്തെ കുട്ടികള്‍, നാഥനില്ലാത്ത പൈക്കളേ പോലെ സ്വതന്ത്രരാണ്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ടി വീ , വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, സിനിമ എന്നിങ്ങനേ തരമുള്ളൂ... ഇവയെല്ലാം തന്നെ വഴിതെറ്റാന്‍ പറ്റിയ ഉത്തമ മാര്‍ഗങ്ങളും. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാര്‍.. നാളത്തെ പൌരന്മാര്‍ പുതിയ സമൂഹവും.

No comments:

Post a Comment