Sunday, May 29, 2011

മലയാളം സിനിമാലോകത്തെ പുത്തനുണര്‍വ്വ്

സൂപ്പര്‍ മെഗാ താരങ്ങളുടെ മാത്രം പ്രഭാവം കണ്ടിരുന്ന മലയാളം ചലച്ചിത്ര മേഖല യുവതാരങ്ങളുടെ കൂട്ടായ്മകളിലൂടെ പുത്തന്‍ ഉണര്വ്വിലേക്ക് കുതിക്കുന്നു. കലാമൂല്യമുള്ള പുതിയ സിനിമ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ തയ്യാറാകുന്നു എന്നതിന് തെളിവായി സലിം കുമാറിനെ പോലെയുള്ളവരുടെ സ്വര്‍ണ്ണ കമല നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാം. 15 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മലയാള ചലച്ചിത്ര ലോകമല്ല ഇന്നുള്ളത്. ഇന്ന് ജനപ്രിയ നായകന്‍ ദിലീപ് മുതല്‍ മുന്‍ നിര സംവിധായകര്‍ വരെ മിമിക്രിയില്‍ അല്ലെങ്കില്‍ മറ്റൊരു വേദിയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചവരും നല്ല സുഹൃത്ത് ബന്ധം പുലര്‍ത്തുന്നവരും ആണ്. യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഒരു കുടുംബതിലേതു എന്നത് പോലെ പൂരകങ്ങളാണ്. അവരുടെ ആശയ വിനിമയങ്ങള്‍ പലപ്പോഴും സിനിമയെ ഒരു കൂട്ടായ്മയുടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു. സലിം കുമാറിന് ആദാമിന്റെ മകന്‍ അബു എന്ന സിനിമക്കുവേണ്ടി അവാര്‍ഡ്‌ ലഭിക്കുമെന്ന് യുവ നായകന്‍ കുഞ്ചാക്കോ ബോബന്റെ പ്രിയപത്നി, സുനിതയോട്‌ (സലിം കുമാറിന്റെ ഭാര്യ) അഭിപ്രായപ്പെട്ടിരുന്നു. അത് പിന്നീട് സത്യമായി മാറി.മത്സരങ്ങളുടെതല്ല, നല്ല മൂല്യങ്ങളുടെ ആകെത്തുകയായിരിക്കണം നല്ല സിനിമ എന്ന് യുവ സിനിമ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരമൂല്യമല്ല, ആര്‍ജ്ജവവും ആത്മവിശ്വാസവും മാത്രം മതി എന്ന് യുവ ചലച്ചിത്ര പ്രവര്‍ത്തകരെ സലിം കുമാര്‍ നേടിയ നേട്ടം ഓര്‍മപ്പെടുത്തുന്നു. മിമിക്രിക്കാര്‍, രണ്ടാം തരക്കാര്‍ എന്നിങ്ങനെ മുദ്ര കുത്തപ്പെട്ട് തഴയപ്പെട്ടിരുന്ന കലാകാരന്മാരുടെ മുന്നിലെ കോട്ടമതിലുകള്‍ ഇല്ലാതായിരിക്കുന്നു . ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്ന മലയാളം ചലച്ചിത്ര ശാഖയെ നാളെ നയിക്കുന്നത് ഇവരായിരിക്കും എന്നുള്ള കാര്യത്തില്‍ ആര്‍ക്കാണ് സംശയം. പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്ന യുവസംവിധായകരും കലാകാരന്മാരും അതിലുപരി പ്രദര്‍ശന ലാഭത്തെക്കാള്‍ കലാമൂല്യത്തെ വലുതായി കാണുന്ന നിര്‍മാതാക്കളും മലയാള സിനിമയെ ഇന്ത്യന്‍ സിനിമാലോകത്തിനു മുന്നില്‍ ഉത്തമ ഉദാഹരണം ആക്കി മാറ്റുന്നു. സലിം കുമാര്‍ നേടിയ നേട്ടം മലയാളം സിനിമ പ്രവര്‍ത്തകര്‍ ഒരു തുടക്കമായി മാത്രം കാണുന്നു.

No comments:

Post a Comment